തൊഴിൽ അന്വേഷകർക്ക് മികച്ച അവസരവുമായി ജർമ്മനി, കുടിയേറ്റ നിയമത്തിലെ മാറ്റങ്ങൾ പ്രാബല്യത്തിൽ


മൂന്നാം ലോകരാജ്യങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് മികച്ച അവസരമൊരുക്കി ജർമ്മനി. അടുത്തിടെ പ്രഖ്യാപിച്ച കുടിയേറ്റ നിയമത്തിലെ മാറ്റങ്ങൾ പ്രാബല്യത്തിലാക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചിരിക്കുന്നത്. ഇതോടെ, യോഗ്യതയുള്ളവർക്ക് ജർമ്മൻ ഭാഷ നൈപുണ്യമില്ലാതെ തന്നെ യൂറോപ്യൻ യൂണിയൻ ബ്ലൂ കാർഡ് മുഖാന്തരം ജർമ്മനിയിലേക്ക് വരാൻ സാധിക്കും. നിലവിൽ, ജർമ്മനിയിലെ പല മേഖലകളിലും തൊഴിലാളികളുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ട്. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായാണ് കുടിയേറ്റ നിയമങ്ങളിൽ പുതിയ മാറ്റങ്ങൾ വരുത്താനുള്ള തീരുമാനത്തിലേക്ക് ജർമ്മനി എത്തിയത്.

ഐടി, ടെക്നോളജി, മെഡിക്കൽ കെയർ, കോൺട്രാക്ടർ മേഖലകൾ, ലോജിസ്റ്റിക്സ് തുടങ്ങിയ വിഭാഗങ്ങളിലാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. ഐടി മേഖലയിൽ, യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത വിദഗ്ധ തൊഴിലാളികൾക്ക് കുറഞ്ഞത് മൂന്ന് വർഷത്തെ പ്രൊഫഷണൽ പ്രവൃത്തി പരിചയമുണ്ടെന്ന് തെളിയിച്ചാൽ യൂറോപ്യൻ യൂണിയൻ ബ്ലൂ കാർഡ് ലഭിക്കുന്നതാണ്. മൂന്ന് വർഷത്തിൽ താഴെ നഴ്സിംഗ് പരിശീലനം ലഭിച്ച നഴ്സിംഗ് അസിസ്റ്റന്റുമാർക്കും ജർമ്മൻ തൊഴിൽ മേഖലയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. അമേരിക്കയിലെ ഗ്രീൻ കാർഡിന് സമാനമായ യൂറോപ്യൻ യൂണിയനിലെ സംവിധാനമാണ് ബ്ലൂ കാർഡ്.