ഓൺലൈനിൽ 300 രൂപയുടെ ലിപ്സ്റ്റിക് ഓർഡർ ചെയ്ത വനിതാ ഡോക്ടറിന് നഷ്ടമായത് 1 ലക്ഷം രൂപ, തട്ടിപ്പ് നടന്ന വഴി ഇങ്ങനെ


വളരെ എളുപ്പത്തിലും വേഗത്തിലും സാധനങ്ങൾ വാങ്ങാൻ കഴിയുമെന്നതിനാൽ ഇന്ന് മിക്ക ആളുകളും ഓൺലൈൻ ഷോപ്പിംഗ് നടത്താറുണ്ട്. അതുകൊണ്ടുതന്നെ ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവരെ ലക്ഷ്യമിട്ട് തട്ടിപ്പ് സംഘങ്ങളും സജീവമാണ്. ഇപ്പോഴിതാ ഓൺലൈനിൽ നിന്ന് ലിപ്സ്റ്റിക് ഓർഡർ ചെയ്ത വനിതാ ഡോക്ടറിന് ഒരു ലക്ഷം രൂപയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. നവിമുംബൈയിലെ ഒരു വനിതാ ഡോക്ടറാണ് ഓൺലൈൻ മുഖാന്തരം 300 രൂപയുടെ ലിപ്സ്റ്റിക് ഓർഡർ ചെയ്തത്. സാധനം ഡെലിവറി ആയിട്ടുണ്ടെന്ന സന്ദേശം ഡോക്ടറിന്റെ ഫോണിൽ എത്തിയെങ്കിലും, ലിപ്സ്റ്റിക്ക് കൈപ്പറ്റാൻ സാധിച്ചിരുന്നില്ല. ഇവിടം തൊട്ടാണ് തട്ടിപ്പ് ആരംഭിക്കുന്നത്.

സാധനം ഡെലിവറി ചെയ്ത സന്ദേശത്തിനോടൊപ്പം കസ്റ്റമർ കെയറിലെ നമ്പറും ഉൾപ്പെടുത്തിയിരുന്നു. ഈ നമ്പറുമായി ബന്ധപ്പെട്ടതോടെ കസ്റ്റമർ കെയർ എക്സിക്യൂട്ടീവ് തിരികെ വിളിക്കുമെന്ന് മറുപടിയാണ് ഡോക്ടർക്ക് ലഭിച്ചത്. തുടർന്ന് മിനിറ്റുകൾക്കകം തിരികെ വിളിക്കുകയും, ഓർഡർ താൽക്കാലികമായി പിടിച്ചുവച്ചിരിക്കുകയാണെന്നും മറുപടി നൽകുകയായിരുന്നു. ലിപ്സ്റ്റിക് ലഭിക്കാൻ രണ്ട് രൂപ അധികം അടച്ചാൽ മതിയെന്നും, ഇതിനായി പ്രത്യേക ലിങ്കും ഡോക്ടറിന്റെ ഫോണിലേക്ക് അയക്കുകയായിരുന്നു.

ലിങ്ക് ഓപ്പൺ ചെയ്തതോടെ അനുവാദമില്ലാതെ തന്നെ ഫോണിൽ ഒരു ആപ്ലിക്കേഷൻ ഓട്ടോമാറ്റിക്കായി ഡൗൺലോഡായി. തുടർന്ന് അക്കൗണ്ടിൽ നിന്ന് ഓരോ ദിവസം കഴിയുമ്പോഴും പണം പിൻവലിക്കുന്ന സന്ദേശമാണ് ഡോക്ടറിന്റെ ഫോണിലേക്ക് എത്തിയത്. ഒരുതവണ 95,000 രൂപയും, പിന്നീട് 5000 രൂപയുമാണ് അക്കൗണ്ടിൽ നിന്ന് പിൻവലിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഡോക്ടർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.