വ്യവസായിക സ്ഥാപനങ്ങൾക്ക് ആശ്വാസം! വിൻഡ്ഫോൾ നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ


രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന ക്രൂഡോയിലിനും, ഡീസൽ കയറ്റുമതിക്കും ചുമത്തിയിട്ടുള്ള വിൻഡ്ഫോൾ പ്രോഫിറ്റ് നികുതിയിൽ ഇളവുകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ലാഭത്തിൽ പെട്ടെന്ന് വർദ്ധനവ് ഉണ്ടാകുമ്പോൾ വ്യവസായങ്ങൾക്ക് ഏർപ്പെടുത്തുന്ന നികുതിയാണ് വിൻഡ്ഫോൾ ടാക്സ്. നിലവിൽ, രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില താരതമ്യേന കുറയുന്ന പ്രവണതയാണ് ദൃശ്യമായിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് നികുതി കുറയ്ക്കുക എന്ന തീരുമാനത്തിലേക്ക് കേന്ദ്രസർക്കാർ എത്തിയത്. ഈ മാസം ഇന്ത്യ ക്രൂഡോയിൽ ഇറക്കുമതി ചെയ്തത് ശരാശരി ബാരലിന് 84.78 ഡോളറിനാണ്.

സ്പെഷ്യൽ അഡീഷണൽ എക്സൈസ് ഡ്യൂട്ടിയായി പിരിക്കുന്ന തുക, ക്രൂഡോയിൽ ടണ്ണിന് 9800 രൂപയിൽ നിന്നും 6300 രൂപയായിട്ടാണ് കുറച്ചത്. നവംബർ ഒന്നിന് നികുതി 9050 രൂപയിൽ നിന്ന് 9800 രൂപയായി കൂട്ടിയിരുന്നു. ഡീസൽ കയറ്റുമതി ലിറ്ററിന് രണ്ട് രൂപയിൽ നിന്ന് ഒരു രൂപയായും കുറച്ചിട്ടുണ്ട്. അതേസമയം, കയറ്റുമതി ചെയ്യുന്ന വിമാന ഇന്ധനത്തിനും പെട്രോളിനും നികുതി പൂജ്യമാണ്. രാജ്യാന്തര ക്രൂഡോയിൽ വില 75 ഡോളറിന് മുകളിലാണെങ്കിൽ ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ക്രൂഡോയിലിന് വിൻഡ്ഫോൾ ടാക്സ് ഏർപ്പെടുത്തും.