സംസ്ഥാനത്ത് ഇന്നും കുത്തനെ ഉയർന്ന സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഒറ്റയടിക്ക് കുതിച്ചുയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,240 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 60 രൂപ വർദ്ധിച്ച്, 5,655 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 880 രൂപയുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നിലവിലെ ട്രെൻഡ് തുടരുകയാണെങ്കിൽ, വരും ദിവസങ്ങളിലും സ്വർണവില ഉയരാൻ സാധ്യതയുണ്ട്.
ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയത് മൂന്നാം തീയതിയാണ്. 45,280 രൂപയായിരുന്നു അന്നത്തെ നിരക്ക്. ഈ ഉയർന്ന നിലവാരത്തിന് തൊട്ടരികെയാണ് ഇപ്പോൾ സ്വർണവില ഉള്ളത്. ആഗോള വിപണിയിലും വില കത്തിക്കയറുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ സ്വർണം ഔൺസിന് 1.31 ശതമാനം വില വർദ്ധിച്ച് 1,986.13 ഡോളറിൽ എത്തിയിട്ടുണ്ട്. അധികം വൈകാതെ ആഗോളവില വീണ്ടും 2000 ഡോളർ പിന്നിടുമെന്നാണ് സൂചന. ആഗോള വിപണിയിലെ വില മാറ്റങ്ങൾ ഡോളറിൽ ആയതിനാൽ, നേരിയ ചലനങ്ങൾ പോലും പ്രാദേശിക വിപണിയിൽ ചലനങ്ങൾ സൃഷ്ടിക്കുന്നതാണ്.