ഇന്ത്യയുടെ മൊത്ത പ്രത്യക്ഷ നികുതി വരുമാനത്തിൽ വീണ്ടും വർദ്ധനവ്. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, നടപ്പ് സാമ്പത്തിക വർഷം നവംബർ 9 വരെ രാജ്യത്തെ മൊത്ത പ്രത്യക്ഷ നികുതി പിരിവ് 12.37 ലക്ഷം കോടി രൂപയായാണ് ഉയർന്നത്. ഇക്കാലയളവിൽ റീഫണ്ടുകൾ ഒഴികെയുള്ള മൊത്തം പിരിവ് 21.8 ശതമാനം ഉയർന്ന് 10.6 ലക്ഷം കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ മൊത്തം പ്രത്യക്ഷ നികുതി വരുമാനത്തിൽ 17.5 ശതമാനത്തിന്റെ വർദ്ധനവ് നേടാൻ സാധിച്ചിട്ടുണ്ട്.
നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ 1-നും നവംബർ 9-നും ഇടയിൽ 1.77 ലക്ഷം കോടി രൂപയുടെ നികുതി റീഫണ്ട് കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്. നിലവിൽ, 2023-24 സാമ്പത്തിക വർഷത്തെ മൊത്തം ബജറ്റ് എസ്റ്റിമേറ്റിന്റെ 58.15 ശതമാനമാണ് നികുതി പിരിവ്. മുൻ വർഷത്തെ അപേക്ഷിച്ച് കോർപ്പറേറ്റ് ആദായനികുതി 7.13 ശതമാനവും, വ്യക്തിഗത ആദായനികുതി 28.29 ശതമാനവും ഉയർന്നിട്ടുണ്ട്. റീഫണ്ടുകൾക്ക് ശേഷം കോർപ്പറേറ്റ് ആദായനികുതി പിരിവിലെ വളർച്ച 12.48 ശതമാനവും, വ്യക്തിഗത ആദായനികുതി പിരിവിലെ വളർച്ച 31.77 ശതമാനവുമാണ്. അതേസമയം, ചരക്ക് സേവന നികുതി പിരിവിൽ പ്രതിവർഷം 14 ശതമാനം വളർച്ച വരെ കേന്ദ്രം പ്രതീക്ഷിക്കുന്നുണ്ട്.