സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,440 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 45 രൂപ കുറഞ്ഞ് 5,555 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. നവംബർ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് ഇന്ന് സ്വർണവില ഉള്ളത്. തുടർച്ചയായ ഇടിവിനു ശേഷം ഇന്നലെ ഒരു പവൻ സ്വർണത്തിന് 240 രൂപ വർദ്ധിച്ചിരുന്നു.
കഴിഞ്ഞ ഒരാഴ്ചയായി പ്രാദേശിക വിപണിയിൽ സ്വർണവില ഇടിവിലാണ്. ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര സ്വർണവില നിശ്ചയിക്കുന്നത്. രാജ്യത്ത് ദീപാവലി ആഘോഷങ്ങൾക്ക് തുടക്കമായതോടെ വിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതിനാൽ, ആഗോള വിപണികളിൽ സ്വർണം തിരിച്ചുവരവിന്റെ സൂചനകൾ നൽകുന്നുണ്ട്. ഇസ്രായേൽ-ഹമാസ് യുദ്ധ പ്രതിസന്ധിയെ തുടർന്ന് ഒക്ടോബർ അവസാന വാരവും നവംബർ ആദ്യവാരം സ്വർണവില കുതിച്ചുയർന്നിരുന്നു.