സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളോടുള്ള പ്രിയം കുറയുന്നു! ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് നഷ്ടമായത് 28 ലക്ഷം ഉപഭോക്താക്കളെ



പ്രമുഖ വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് നാലാം പാദത്തിൽ കനത്ത തിരിച്ചടി. ഉപഭോക്താക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, നാലാം പാദത്തിൽ 28 ലക്ഷം ഉപഭോക്താക്കളെ കമ്പനിക്ക് നഷ്ടമായിട്ടുണ്ട്. മൂന്നാം പാദത്തിൽ 4.04 കോടി ഉപഭോക്താക്കൾ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് ഉണ്ടായിരുന്നു. എന്നാൽ, നാലാം പാദം എത്തിയപ്പോഴേക്കും ഏഴ് ശതമാനം ഉപഭോക്താക്കളാണ് പടിയിറങ്ങിയത്. ഇതോടെ, നാലാം പാദത്തിലെ ഉപഭോക്താക്കളുടെ എണ്ണം 3.76 കോടിയായി ചുരുങ്ങി.

2022 ഒക്ടോബറിൽ 6.13 കോടി ഉപഭോക്താക്കളുമായി ആധിപത്യം സ്ഥാപിച്ച സ്ഥാനത്താണ് ഈ നഷ്ടം രേഖപ്പെടുത്തിയിരിക്കുന്നത്. സിനിമകൾ അടക്കം പുതിയ ഉള്ളടക്കങ്ങൾ ഇല്ലാത്തതിനെ തുടർന്നാണ് ഭൂരിഭാഗം ഉപഭോക്താക്കളും സബ്സ്ക്രിപ്ഷൻ ഒഴിവാക്കാൻ താൽപ്പര്യമുള്ള പ്രകടിപ്പിച്ചത്. ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും, വരുമാന വർദ്ധനവ് നേടാൻ സാധിച്ചിട്ടുണ്ട്. ഓരോ അംഗത്തിൽ നിന്നും മൂന്ന് മാസം കൂടുമ്പോൾ ലഭിക്കുന്ന വരുമാനം 0.70 ഡോളറാണ് വർദ്ധിച്ചത്.

Also Read: കളമശേരി സ്‌ഫോടന കേസ്: മാര്‍ട്ടിനുമായി തെളിവെടുപ്പ് ഇന്നും തുടരും

ഇത്തവണ ഐപിഎൽ സ്ട്രീമിംഗ്, എച്ച്ബിഒ എന്നിവയുടെ സംപ്രേഷണാവകാശം വയകോം 18-ന്റെ ജിയോ സിനിമ നേടിയിരുന്നു. ഇത് നേരിയ തോതിൽ ഉപഭോക്താക്കളുടെ വരവിന് കാരണമായിട്ടുണ്ട്. ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം ഹോട്ട് സ്റ്റാറിൽ കണ്ടവരുടെ എണ്ണം റെക്കോർഡ് നേട്ടം കൈവരിച്ചിരുന്നു. ഏകദേശം 4.4 കോടിയിലധികം ആളുകളാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം കണ്ടത്. സൗജന്യമായാണ് ഈ മത്സരങ്ങൾ സംപ്രേഷണം ചെയ്യുന്നത്.