ഉയർന്ന ലാഭം! രണ്ടാം പാദഫലങ്ങൾ പ്രഖ്യാപിച്ച് അപ്പോളോ ടയേഴ്സ്


നടപ്പ് സാമ്പത്തിക വർഷത്തെ രണ്ടാം പാദ ഫലങ്ങൾ പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ ടയർ നിർമ്മാതാക്കളായ അപ്പോളോ ടയേഴ്സ്. ജൂലൈ മുതൽ സെപ്റ്റംബർ വരെയുള്ള രണ്ടാം പാദത്തിൽ ലാഭം രണ്ടര മടങ്ങാണ് ഉയർന്നിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, അപ്പോളോ ടയേഴ്സിന്റെ ലാഭം രണ്ടാം പാദത്തിൽ 474.26 കോടി രൂപയായാണ് ഉയർന്നത്. മുൻ വർഷം സമാന പാദത്തിൽ ഇത് 179.39 കോടി രൂപയായിരുന്നു. അതേസമയം, അവലോകന പാദത്തിൽ പ്രവർത്തന വരുമാനം മുൻ വർഷത്തെ 5,956.05 കോടി രൂപയിൽ നിന്നും 6,279.67 കോടി രൂപയായി ഉയർന്നിട്ടുണ്ട്. രണ്ടാം പാദത്തിൽ അസംസ്കൃത വസ്തുക്കൾക്ക് ഉണ്ടായ വിലയിടിവിനെ തുടർന്ന്, കമ്പനിക്ക് മികച്ച പ്രവർത്തനഫലം കാഴ്ചവെക്കാൻ സാധിച്ചിട്ടുണ്ട്.

രണ്ടാം പാദത്തിൽ ഉപയോഗിച്ച അസംസ്കൃത വസ്തുക്കളുടെ വില മുൻ വർഷത്തെ 3,101.56 കോടി രൂപയിൽ നിന്നും 2,634.92 കോടി രൂപയായാണ് കുറഞ്ഞിരിക്കുന്നത്. ഇതിനോടൊപ്പം കമ്പനിയുടെ മൊത്തം ചെലവ് ഒരു വർഷം മുൻപ് രേഖപ്പെടുത്തിയ 6,612.81 കോടി രൂപയിൽ നിന്നും 5,724.66 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. വാഹന കമ്പനികളും, വാഹന അനുബന്ധ കമ്പനികളും നേടിയ വരുമാനം ഉയർന്നതിനാൽ മൂന്നാം പാദത്തിലും അപ്പോളോ ടയേഴ്സിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴിയുമെന്നാണ് വിദഗ്ധരുടെ വിലയിരുത്താൻ.