ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം. തുടക്കത്തിൽ ആഭ്യന്തര സൂചികകൾ കനത്ത ഇടിവ് നേരിട്ടെങ്കിലും, ഉച്ചയ്ക്കുശേഷം നേട്ടം തിരിച്ചുപിടിക്കുകയായിരുന്നു. ഇന്ന് ഏഷ്യൻ വിപണികൾ നേരിട്ട തളർച്ചയാണ് ഇന്ത്യൻ ഓഹരികളെ ആദ്യ സെഷനിൽ നഷ്ടത്തിലാഴ്ത്തിയത്. ബിഎസ്ഇ സെൻസെക്സ് ഇന്ന് 79.27 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 65,401.92-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 6.25 പോയിന്റ് നേട്ടത്തിൽ 19,434.55-ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് നിഫ്റ്റി മിഡ്ക്യാപ് 0.17 ശതമാനവും, സ്മോൾക്യാപ് 0.73 ശതമാനവും നഷ്ടത്തിലാണ്.
മുത്തൂറ്റ് ഫിനാൻസ്, ജിൻഡാൽ സ്റ്റീൽ, ഡാൽമിയ ഭാരത് എന്നിവയാണ് നിഫ്റ്റിയിൽ കൂടുതൽ നഷ്ടം നേരിട്ടത്. സെൻസെക്സിൽ ജെസ്ഡബ്ല്യു സ്റ്റീൽ, എസ്ബിഐ, ബജാജ് ഫിൻസർവ്, ടാറ്റാ സ്റ്റീൽ എന്നിവയും നഷ്ടം രേഖപ്പെടുത്തി. അതേസമയം, റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, എച്ച്.യു.എൽ, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, എൽ ആൻഡ് ടി തുടങ്ങിയവയുടെ ഓഹരികളാണ് സെൻസെക്സിൽ നേട്ടം നിലനിർത്തിയത്. നിഫ്റ്റിയിൽ ബാങ്ക് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്, ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ തുടങ്ങിയ ഓഹരികളും നേട്ടത്തിലേറി.