രാജ്യത്തെ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപം ഒഴുകിയെത്തുന്നതായി റിപ്പോർട്ട്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മ്യൂച്വൽ ഫണ്ടിൽ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി നിക്ഷേപം നടത്തിയവരുടെ എണ്ണം ജൂലൈയിൽ എക്കാലത്തെയും ഉയർന്ന നിരക്കിലാണ് എത്തിയിരിക്കുന്നത്. ജൂലൈ മാസത്തെ നിക്ഷേപം 15,245 കോടി രൂപയായാണ് ഉയർന്നിരിക്കുന്നത്. ജൂലൈയിലെ പ്രതിമാസ എസ്ഐപി വിഹിതം ജൂണിലെ വിഹിതത്തെക്കാൾ കൂടുതലാണ്. അതേസമയം, മെയ് മാസം 14,749 കോടി രൂപയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ വഴി എത്തിയത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ചെറുകിട നിക്ഷേപകർക്ക് മ്യൂച്വൽ ഫണ്ടുകളോടുള്ള താൽപ്പര്യം വർദ്ധിച്ചിട്ടുണ്ട്. അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട് ഇൻ ഇന്ത്യയുടെ കണക്കനുസരിച്ച്, 33 ലക്ഷത്തിലധികം പുതിയ എസ്ഐപി അക്കൗണ്ടുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ അക്കൗണ്ടുകളിൽ നിന്നാണ് പ്രതിമാസ സംഭാവനയായി 15,245 കോടി രൂപയെന്ന റെക്കോർഡ് നേട്ടത്തിലേക്ക് എത്തിയത്. 2022 ഒക്ടോബർ മുതൽ എസ്ഐപി വഴിയുള്ള നിക്ഷേപം 13,000 കോടി രൂപയ്ക്ക് മുകളിലാണ് രേഖപ്പെടുത്തിയത്. ഒരു വ്യക്തിക്ക് നിശ്ചിത ഇടവേളകളിൽ നിശ്ചിത തുക നിക്ഷേപിക്കാൻ സാധിക്കുന്ന നിക്ഷേപമാണ് എസ്ഐപി.