കുതിച്ചുയർന്ന് ആഭ്യന്തര സൂചികകൾ, നേട്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം


ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. തുടക്കത്തിൽ നേരിയ നഷ്ടം നേരിട്ടെങ്കിലും, പിന്നീട് ആഭ്യന്തര സൂചികകൾ കരുത്താർജ്ജിക്കുകയായിരുന്നു. യൂറോപ്യൻ ഓഹരി വിപണികളുടെ നേട്ടവും, റിസർവ് ബാങ്കിന്റെ പണനയം ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചയ്ക്ക് വിലങ്ങാവില്ലെന്ന വിലയിരുത്തലുകളും വൈകിട്ടോടെ നിക്ഷേപകരെ ആവേശത്തിലാക്കുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 149.31 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 65,995.81-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 61.70 പോയിന്റ് നേട്ടത്തിൽ 19,632.55-ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സെൻസെക്സിൽ ഇന്ന് 1,969 ഓഹരികൾ നേട്ടത്തിലും, 1,631 ഓഹരികൾ നഷ്ടത്തിലും, 143 ഓഹരികൾ മാറ്റമില്ലാതെയും വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി മിഡ്ക്യാപ് 0.33 ശതമാനവും, സ്മോൾക്യാപ് 0.59 ശതമാനവുമാണ് ഉയർന്നത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റാ സ്റ്റീൽ, ടൈറ്റൻ, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക് മഹീന്ദ്ര, ഐടിസി, എൻടിപിസി തുടങ്ങിയവയാണ് സെൻസെക്സിൽ നേട്ടത്തിലേറിയത്. അതേസമയം, മാരുതി സുസുക്കി, ആക്സിസ് ബാങ്ക്, ബജാജ് ഫൈനാൻസ്, ഐസിഐസിഐ ബാങ്ക്, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിലേറി.