തക്കാളി കള്ളന്മാർ പെരുകുന്നു! തക്കാളി തോട്ടങ്ങൾക്ക് സുരക്ഷയൊരുക്കി പോലീസ്


തക്കാളി മോഷണം തുടർക്കഥയായതോടെ തക്കാളി തോട്ടങ്ങൾക്ക് സുരക്ഷ ഒരുക്കിയിരിക്കുകയാണ് പോലീസ്. രാജ്യത്ത് തക്കാളി വില ഉയർന്ന സാഹചര്യത്തിലാണ് തക്കാളി കള്ളന്മാരുടെ എണ്ണവും പെരുകിയത്. ചാമരാജനഗറിലെ തക്കാളി തോട്ടങ്ങൾക്കാണ് പോലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശം അനുസരിച്ചാണ് തോട്ടങ്ങൾക്ക് സുരക്ഷയൊരുക്കാൻ പോലീസ് തീരുമാനിച്ചത്.

തക്കാളി തോട്ടങ്ങളിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന തക്കാളിയാണ് മോഷ്ടിക്കപ്പെടുന്നത്. കഴിഞ്ഞയാഴ്ച ചാമരാജനഗറിലെ കബ്ബെപുരയിൽ ഒന്നര ഏക്കർ തക്കാളി കൃഷി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചിരുന്നു. ഇതോടെയാണ് തക്കാളി തോട്ടങ്ങൾക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തുന്നത്. നേരത്തെ കോലാറിൽ നിന്ന് രാജസ്ഥാനിലേക്ക് കൊണ്ടുപോയ 2 ലക്ഷം രൂപയുടെ തക്കാളി ലോറി ഡ്രൈവർ മറിച്ചുവിറ്റ സംഭവങ്ങൾ വാർത്തകളിൽ ഇടം നേടിയിരുന്നു. തക്കാളി വില ഉയർന്ന സാഹചര്യത്തിൽ, രാജ്യത്തെ തക്കാളി കർഷകർ കോടികളുടെ ലാഭമാണ് ഉണ്ടാക്കിയത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് 4 കോടി രൂപയുടെ ലാഭം വരെ ഉണ്ടാക്കാൻ കർഷകർക്ക് സാധിച്ചിട്ടുണ്ട്.