ജൂലൈയിൽ ജിഎസ്ടി വരുമാനം വീണ്ടും ഉയർന്നു: മുൻ വർഷത്തേക്കാൾ 11 ശതമാനത്തിന്റെ വളർച്ച


രാജ്യത്ത് വീണ്ടും റെക്കോർഡ് നേട്ടത്തിലേറി ജിഎസ്ടി വരുമാനം. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂലൈ മാസത്തിൽ രാജ്യത്തെ മൊത്തം ജിഎസ്ടി വരുമാനം 1.65 ലക്ഷം കോടി രൂപയായാണ് ഉയർന്നത്. മുൻ വർഷം ജൂലൈയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 11 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ജൂലൈയിൽ ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനവും മുൻ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണ്.

മൊത്തം വരുമാനത്തിൽ കേന്ദ്ര ജിഎസ്ടി 29,773 കോടി രൂപയാണ്. അതേസമയം, സംസ്ഥാന ജിഎസ്ടി 37,623 കോടി രൂപയും, സംയോജിത ജിഎസ്ടി 85,930 കോടി രൂപയുമാണ്. ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് പിരിച്ചെടുത്ത 840 കോടി ഉൾപ്പെടെ, 11,779 കോടി രൂപയാണ് ഈ മാസത്തെ സെസ് പിരിവ്. ഐജിഎസ്ടിയിൽ നിന്നും 39,785 കോടി രൂപ സിജിസ്ടിയിലേക്കും, 33,188 കോടി രൂപ എസ്ജിഎസ്ടിയിലേക്കും വകയിരുത്താൻ സർക്കാർ തീർപ്പാക്കിയിട്ടുണ്ട്. വരാനിരിക്കുന്ന മാസങ്ങൾ ഉത്സവ സീസണുകൾ ആയതിനാൽ, ജിഎസ്ടി വരുമാനം വീണ്ടും ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.