പുതിയ പാസ്പോർട്ടിന് അപേക്ഷിക്കാൻ ഒരുങ്ങുന്നവരാണോ? ഈ മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ


വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് ആവശ്യമായ പ്രധാന രേഖകളിൽ ഒന്നാണ് പാസ്പോർട്ട്. എന്നാൽ, പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർക്ക് നിർദ്ദേശങ്ങളുമായി എത്തിയിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം. ഇന്ന് മുതൽ പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഈ നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്. പ്രധാന നിർദ്ദേശങ്ങൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

പുതിയ പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ ഇനി മുതൽ നിർബന്ധമായും ഡിജിലോക്കർ ഇൻസ്റ്റാൾ ചെയ്യണം. തുടർന്ന്, ആവശ്യമായ രേഖകൾ ഡിജിലോക്കറിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. www.passportindia.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ പാസ്പോർട്ടിന് അപേക്ഷ സമർപ്പിക്കുന്നതിന് മുൻപുതന്നെ, ആവശ്യമായ രേഖകൾ ഡിജിലോക്കറിൽ അപ്‌ലോഡ് ചെയ്യണം. യഥാർത്ഥ രേഖകൾ ഡിജിലോക്കറിൽ ഉൾപ്പെടുത്തുകയാണെങ്കിൽ, അവ എപ്പോഴും കയ്യിൽ കരുതേണ്ട ആവശ്യമില്ല.

പാസ്പോർട്ടിനായുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് ഡിജിലോക്കർ മുഖേന ആധാർ രേഖകൾ സ്വീകരിക്കുന്നത് സംബന്ധിച്ചും മന്ത്രാലയം വ്യക്തത വരുത്തിയിട്ടുണ്ട്. കൂടാതെ, അപേക്ഷിക്കുന്ന വ്യക്തി ഇന്ത്യയിലെ താമസക്കാരനാണെന്ന് തെളിയിക്കുന്നതിനുള്ള രേഖകളുടെ ലിസ്റ്റും മന്ത്രാലയം പുറത്തുവിട്ടു. ആധാർ കാർഡ്, റേഷൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ഇലക്ട്രിസിറ്റി ബിൽ, ആദായനികുതി രേഖകൾ തുടങ്ങിയവ ഉപയോഗിച്ച് ഇന്ത്യയിലെ താമസക്കാരനാണെന്ന് തെളിയിക്കാനാകും.