ഇന്ത്യയിൽ വമ്പൻ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് ആപ്പിൾ! മുംബൈയിലെ സ്റ്റോറിൽ നിയമനം തുടരുന്നു

ഇന്ത്യൻ ഉദ്യോഗാർത്ഥികൾക്ക് വമ്പൻ തൊഴിൽ അവസരവുമായി എത്തിയിരിക്കുകയാണ് ആഗോള ടെക് ഭീമനായ ആപ്പിൾ. അടുത്തിടെ പ്രവർത്തനമാരംഭിച്ച ആപ്പിളിന്റെ റീട്ടെയിൽ സ്റ്റോറുകളിലേക്ക് ജീവനക്കാരെ തേടുകയാണ് കമ്പനി. മുംബൈയിലെ സ്റ്റോറിൽ ആവശ്യത്തിന് ജീവനക്കാർ ഉണ്ടെങ്കിലും, ഇപ്പോഴും നിയമനങ്ങൾ നടക്കുന്നുണ്ടെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. നിലവിൽ, ക്രിയേറ്റീവ് ടെക്നിക്കൽ സ്പെഷലിസ്റ്റ്, ഓപ്പറേഷൻ എക്സ്പേർട്ട്, ബിസിനസ് എക്സ്പേർട്ട് എന്നീ തസ്തികകളിലേക്കുള്ള നിയമനമാണ് നടക്കുന്നത്. പ്രാദേശിക ഭാഷയിൽ പ്രാവീണ്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ നൽകാനാകും.

ആപ്പിൾ റീട്ടെയിൽ സ്റ്റോറുകളിലെ വിവിധ തസ്തികകളിലെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചുള്ള വിവരങ്ങൾ കമ്പനി പ്രത്യേകം പരാമർശിച്ചിട്ടില്ല. ഡൽഹിയിലെയും മുംബൈയിലെയും റീട്ടെയിൽ സ്റ്റോറുകളിൽ ഇതിനോടകം തന്നെ 170ലധികം ജീവനക്കാരെ കമ്പനി നിയമിച്ചിട്ടുണ്ട്. ഏകദേശം ഒരു ലക്ഷത്തിലധികം രൂപയാണ് കമ്പനി ശമ്പളമായി വാഗ്ദാനം ചെയ്യുന്നത്. ഇതിനോടൊപ്പം തന്നെ സ്റ്റോക്ക് ഗ്രാന്റുകൾ, ഇൻഷുറൻസ് ആനുകൂല്യങ്ങൾ, മതിയായ അവധികൾ, വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായം, ആപ്പിൾ ഉൽപ്പന്നങ്ങളിലെ കിഴിവ് എന്നിവയും കമ്പനിക്ക് ലഭിക്കുന്നതാണ്.