ആദിത്യ ബിർള ഗ്രൂപ്പ് ചെയർപേഴ്‌സൺ കുമാർ മംഗലം ബിർള കമ്പനിയുടെ ബോർഡിലേക്ക് അഡീഷണൽ ഡയറക്‌ടറായി തിരിച്ചെത്തിയതായി കമ്പനി പ്രഖ്യാപിച്ചതിനെത്തുടർന്ന് വെള്ളിയാഴ്‌ച തുടക്ക വ്യാപാരത്തിൽ വോഡഫോൺ ഐഡിയയുടെ ഓഹരികൾ ഏകദേശം 10 ശതമാനം ഉയർന്നു.
“നോമിനേഷൻ ആൻഡ് റെമ്യൂണറേഷൻ കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ, കമ്പനിയുടെ ഡയറക്ടർ ബോർഡ് ഇന്ന് ചേർന്ന യോഗത്തിൽ 2023 ഏപ്രിൽ 20 മുതൽ, കുമാർ മംഗലം ബിർളയെ അഡീഷണൽ ഡയറക്‌ടറായി (നോൺ എക്‌സിക്യൂട്ടീവ്, നോൺ-ഇൻഡിപെൻഡന്റ്) നിയമിച്ചതായി ഇതിനാൽ അറിയിക്കുന്നു.” വോഡഫോൺ ഐഡിയ അവരുടെ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
ബോർഡിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനം ഷെയർഹോൾഡർമാരുടെ അംഗീകാരത്തിന് വിധേയമാണെന്ന് സ്‌റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ പറയുന്നു. അതേസമയം, ആദിത്യ ബിർള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അൾട്രാടെക് സിമന്റ്‌സിലെ മുൻ ടോപ്പ് എക്‌സിക്യൂട്ടീവായ കൃഷ്‌ണ കിഷോർ മഹേശ്വരി നോൺ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ സ്ഥാനം രാജിവെച്ചതായും ടെലികോം കമ്പനി അറിയിച്ചു.
ശതകോടീശ്വരൻ കെഎം ബിർള വോഡഫോൺ ഐഡിയയുടെ ബോർഡിലേക്ക് ഏകദേശം രണ്ട് വർഷത്തിന് ശേഷം മടങ്ങിവരുന്നത് ടെലികോം കമ്പനിയുടെ ഓഹരികളിൽ നല്ല സ്വാധീനം ചെലുത്തി, ഇത് ആദ്യകാല വ്യാപാരത്തിൽ 10 ശതമാനം ഉയർന്ന് 6.65 രൂപയാവാൻ ഇടയാക്കി. നേരത്തെ 2021 ഓഗസ്‌റ്റിലാണ് വോഡഫോൺ ഐഡിയയുടെ ചെയർമാൻ സ്ഥാനം ബിർള രാജിവച്ചത്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയായിട്ടും ഓഹരികൾ 6 ശതമാനത്തിലധികം ഉയർന്ന് വ്യാപാരം നടത്തി. കമ്പനിയുടെ വിപണി മൂലധനവും നേരിയ തോതിൽ വർധിച്ച് 32,000 കോടി രൂപയായി. വോഡഫോൺ ഐഡിയ ബോർഡിലേക്കുള്ള കെഎം ബിർളയുടെ തിരിച്ചുവരവ് “കമ്പനിയിലേക്കുള്ള നിക്ഷേപം ഉയർത്തുമെന്നും 5ജി പുറത്തിറക്കാനുള്ള പദ്ധതികൾക്ക് വഴിയൊരുക്കുമെന്നും” ആംബിറ്റ് ക്യാപിറ്റൽ അനലിസ്‌റ്റ് വിവേകാനന്ദ് സുബ്ബരാമൻ വാർത്താ ഏജൻസിയായ റോയിറ്റേഴ്‌സിനോട് പറഞ്ഞു.