വൈദ്യുത വാഹനങ്ങൾക്ക് പ്രോത്സാഹനം നൽകാൻ ബിപിസിഎൽ, വൈദ്യുത വാഹന ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കും

രാജ്യത്ത് വൈദ്യുത വാഹനങ്ങൾക്ക് പ്രോത്സാഹനം നൽകാൻ ഒരുങ്ങി ബിപിസിഎൽ രംഗത്ത്. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലായി വൈദ്യുത ചാർജിംഗ് സ്റ്റേഷനുകൾ ആരംഭിക്കാനാണ് ബിപിസിഎലിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി കേരളത്തിൽ 19 വൈദ്യുത വാഹന സ്റ്റേഷനുകളാണ് ആരംഭിക്കുന്നത്. കേരളം, കർണാടക, തമിഴ്നാട് 15 ഹൈവേകളിലായി 110 ഇന്ധന സ്റ്റേഷനുകളിലാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്.

കേരളത്തിൽ 19 ഇന്ധന സ്റ്റേഷനുകളിൽ 3 കോറിഡോറുകളാണ് ബിപിസിഎൽ തുറക്കുക. കർണാടകത്തിൽ 33 ഇന്ധന സ്റ്റേഷനുകളിൽ 6 കോറിഡോറുകളും, തമിഴ്നാട്ടിൽ 58 ഇന്ധന സ്റ്റേഷനുകളിൽ 10 കോറിഡോറുകളുമാണ് തുറക്കുന്നത്. രണ്ടു ചാർജിംഗ് സ്റ്റേഷനുകൾക്കിടയിൽ 100 കിലോമീറ്റർ ദൂരമാണ് ബിപിസിഎൽ നൽകുന്നത്.

125 കിലോമീറ്റർ വരെ സഞ്ചരിക്കാനാകുന്ന ചാർജ് ലഭിക്കുന്ന തരത്തിൽ വൈദ്യുത വാഹനം പൂർണമായും ചാർജ് ചെയ്യാൻ 30 മിനിറ്റാണ് എടുക്കുക. ചാർജിംഗ് സ്റ്റേഷനുകൾക്കൊപ്പം വിശ്രമസൗകര്യം, ലഘു ഭക്ഷണം എന്നിവയും ഒരുക്കുന്നതാണ്. കേരളത്തിൽ ഗുരുവായൂർ ക്ഷേത്രം, കാടാമ്പുഴ ക്ഷേത്രം, വല്ലാർപാടം ബസലിക്ക, കൊരട്ടി സെന്റ് ആന്റണീസ് ചർച്ച്, മർക്കസ് നോളജ് സിറ്റി തുടങ്ങിയവയെ ബന്ധിപ്പിക്കുന്ന കോറിഡോറുകളാണ് ബിപിസിഎൽ നിർമ്മിക്കുക.