ആഗോള സ്വർണ ഇ.ടി.എഫുകളിൽ നിക്ഷേപം കൊഴിയുന്നു, ഫെബ്രുവരിയിലും നേട്ടമുണ്ടാക്കി ഇന്ത്യ

ആഗോള സ്വർണ ഇ.ടി.എഫുകളിലെ നിക്ഷേപം നിറം മങ്ങുമ്പോഴും, മുന്നേറ്റം തുടർന്ന് ഇന്ത്യ. ആഗോള തലത്തിൽ തുടർച്ചയായ പത്താം മാസമാണ് സ്വർണ ഇ.ടി.എഫുകളിലെ നിക്ഷേപം ഇടയുന്നത്. പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കാൻ അമേരിക്കൻ കേന്ദ്ര ബാങ്ക് സ്വീകരിച്ച നടപടി സ്വർണ ഇ.ടി.എഫുകളിലെ നിക്ഷേപത്തെ വൻ തോതിലാണ് ബാധിച്ചത്. അടിസ്ഥാന പലിശ നിരക്ക് കുത്തനെ കൂട്ടുകയും, ഡോളറിന്റെ മൂല്യവും ട്രഷറി ബോണ്ട് യീൽഡും കുതിച്ചുയരുകയും ചെയ്തതാണ് സ്വർണ ഇ.ടി.എഫുകളുടെ നിക്ഷേപത്തെ പ്രതികൂലമായി ബാധിക്കാൻ കാരണം.

ആഗോള തലത്തിൽ നിക്ഷേപം വൻ തോതിൽ കൊഴിയുന്നുണ്ടെങ്കിലും, ഇന്ത്യയ്ക്ക് തുടർച്ചയായ നേട്ടമാണ് കൈവരിക്കാൻ സാധിച്ചത്. ഫെബ്രുവരിയിലെ കണക്കനുസരിച്ച്, സ്വർണ ഇ.ടി.എഫുകളിലെ നിക്ഷേപം 3.30 കോടി ഡോളർ ഉയർന്ന് 250 കോടി ഡോളറിൽ എത്തി. ഇതോടെ, മൊത്തം 38 ടൺ നിക്ഷേപമാണ് ഇന്ത്യൻ ഇ.ടി.എഫുകളിൽ ഉള്ളത്. അതേസമയം, യുകെ, അമേരിക്ക, ചൈന, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങൾ ഫെബ്രുവരിയിൽ കനത്ത നഷ്ടമാണ് നേരിട്ടത്.