അന്താരാഷ്ട്ര വനിതാ ദിനമായ മാർച്ച് 8-ന് സംസ്ഥാനത്തെ വിവിധ മേഖലകളിൽ നിന്നുള്ള വനിതാ സംരംഭകർ ഒത്തുചേരുന്നു. റിപ്പോർട്ടുകൾ പ്രകാരം, സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംരംഭങ്ങൾ ആരംഭിച്ചവർ ഉൾപ്പെടെയുള്ള 500- ധികം വനിതാ സംരംഭകരാണ് ഒത്തുചേരുന്നത്. സംസ്ഥാന വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി. കേരളത്തിലെ സംരംഭക സൗഹൃദ നയങ്ങളും, സൗഹൃദ അന്തരീക്ഷവും വെളിപ്പെടുത്തുന്ന തരത്തിലാണ് സംഗമം.
മാർച്ച് 7- ന് രാവിലെ 9.30- ന് തിരുവനന്തപുരം ഇടപ്പഴഞ്ഞി ആർഡിആർ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പരിപാടി ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. വ്യവസായ മന്ത്രി പി. രാജീവാണ് അധ്യക്ഷത വഹിക്കുന്നത്. മന്ത്രിമാരായ ഡോ. ആർ ബിന്ദു, ചിഞ്ചു റാണി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. സമൂഹത്തിലെ എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിക്കുന്ന വനിതകൾക്ക് പ്രചോദനവും ആത്മവിശ്വാസവും പകരാനാണ് സംഗമം ലക്ഷ്യമിടുന്നത്. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് ചരിത്രം സൃഷ്ടിച്ച പദ്ധതിയാണ് ‘സംരംഭക വർഷം പദ്ധതി’. ഏകദേശം 43,000 വനിതകളാണ് ഈ പദ്ധതി മുഖാന്തരം സംരംഭക രംഗത്തേക്ക് ചുവടുറപ്പിച്ചത്.