ഇന്ത്യയുടെ മുഖ്യ വ്യവസായ മേഖല കുതിക്കുന്നു, ജനുവരിയിൽ മികച്ച വളർച്ച

രാജ്യത്ത് മുഖ്യ വ്യവസായ മേഖലയിൽ മുന്നേറ്റം തുടരുന്നു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023 ജനുവരിയിൽ മുഖ്യ വ്യവസായ മേഖലയുടെ വളർച്ച 7.8 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണ് ജനുവരിയിൽ ഉണ്ടായിട്ടുള്ളത്. 2022 ജനുവരിയിൽ 4 ശതമാനം വളർച്ച മാത്രമായിരുന്നു. അതേസമയം, കഴിഞ്ഞ വർഷം ഡിസംബറുമായി താരതമ്യം ചെയ്യുമ്പോൾ 0.8 ശതമാനത്തിന്റെ വളർച്ച രേഖപ്പെടുത്തി.

മുഖ്യ വ്യവസായ മേഖലയിൽ എട്ട് സുപ്രധാന വിഭാഗങ്ങളാണ് ഉള്ളത്. കൽക്കരി, ക്രൂഡോയിൽ, പ്രകൃതിവാതകം, റിഫൈനറി ഉൽപ്പന്നങ്ങൾ, വളം, സ്റ്റീൽ, സിമന്റ്, വൈദ്യുതി എന്നിവയാണ് പ്രധാന മേഖലകൾ. ഇവയിൽ ക്രൂഡോയിൽ ഒഴികെയുള്ള വിഭാഗങ്ങൾ പോസിറ്റീവ് വളർച്ചയാണ് ജനുവരിയിൽ കൈവരിച്ചത്. ഇന്ത്യയുടെ വ്യവസായ സൂചികയിൽ മുഖ്യ വ്യവസായ രംഗത്തിന്റെ പങ്ക് 40.27 ശതമാനമാണ്.