ഡിജിറ്റൽ കറൻസി: പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കാനൊരുങ്ങി ആർബിഐ

രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ കറൻസി പുറത്തിറക്കാൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ആദ്യ ഘട്ടത്തിൽ പ്രത്യേക ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലാണ് ഡിജിറ്റൽ കറൻസി പുറത്തിറക്കുക. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ബജറ്റ് പ്രസംഗത്തിൽ ഡിജിറ്റൽ കറൻസി ഈ വർഷം തന്നെ പുറത്തിറക്കുമെന്ന് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞിരുന്നു.

പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കിയതിനു ശേഷം ഘട്ടം ഘട്ടമായി ഡിജിറ്റൽ കറൻസിയുടെ പ്രവർത്തനം വ്യാപിപ്പിക്കാനാണ് ആർബിഐ ലക്ഷ്യമിടുന്നത്. കൂടാതെ, ഡിജിറ്റൽ കറൻസിയുടെ ഗുണവും ദോഷവും വിലയിരുത്തിയതിന് ശേഷം മാത്രമാണ് മറ്റ് നടപടികൾ സ്വീകരിക്കുകയെന്ന് റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്.

നിലവിൽ, ക്രിപ്റ്റോ കറൻസികൾക്ക് വൻ പ്രചാരമാണ് ഉള്ളത്. ഈ സാഹചര്യത്തിൽ, ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ ആർബിഐ ഇതിനോടകം സംഘടിപ്പിച്ചിരുന്നു. ഇപ്പോഴുള്ള സാമ്പത്തിക വ്യവസ്ഥയ്ക്ക് തടസം സൃഷ്ടിക്കാത്ത രീതിയിലാണ് ഡിജിറ്റൽ കറൻസി പുറത്തിറക്കാൻ റിസർവ് ബാങ്ക് തീരുമാനിച്ചിരിക്കുന്നത്.