രാജ്യത്ത് ഡിജിറ്റൽ രംഗത്ത് പുതിയ മാറ്റങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യയിലെ പബ്ലിക് ബ്രോഡ്കാസ്റ്ററായ പ്രസാദ് ഭാരതി. കാൺപൂർ ഐഐടിയുമായുള്ള സഹകരണത്തിലൂടെ വിവിധ ചാനലുകൾ ഡാറ്റ ഇല്ലാതെ നേരിട്ട് സംപ്രേഷണം നടത്താനാണ് പദ്ധതിയിടുന്നത്. ഇതോടെ, ഏകദേശം 200- ലധികം ചാനലുകൾ മൊബൈലിൽ കാണാൻ സാധിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിലാണ് ഈ സേവനം പൂർണമായും ജനങ്ങളിലേക്ക് എത്തുക.
രാജ്യത്ത് 5ജി സേവനം നിലവിൽ വന്നതോടെ നിരവധി മാറ്റങ്ങളാണ് സാങ്കേതിക രംഗത്ത് ഉണ്ടാവുക. ഡയറക്ട്-ടു-മൊബൈൽ പ്രക്ഷേപണത്തിലൂടെ ജനങ്ങൾക്ക് മൊബൈൽ ഫോണുകളിൽ ഉയർന്ന ഗുണനിലവാരത്തിലുള്ള സിനിമകൾ വരെ കാണാൻ സാധിക്കും. നിലവിൽ, ഇതുമായി ബന്ധപ്പെട്ടുള്ള പ്രൂഫ് ഓഫ് കൺസെപ്റ്റിന് പ്രസാർ ഭാരതിയും ഐഐടി കാൺപൂരും രൂപം നൽകിയിട്ടുണ്ട്. ഭൂരിഭാഗം ആൾക്കാരും ഒടിടി പ്ലാറ്റ്ഫോമുകളുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്. എന്നാൽ, പുതിയ സംവിധാനത്തിലൂടെ വേറിട്ട ദൃശ്യാനുഭവമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുക.