ദീപാവലി സീസൺ ആഘോഷമാക്കി ഹീറോ മോട്ടോകോർപ്പ്, ഇത്തവണ നടന്നത് റെക്കോർഡ് വിൽപ്പന


ദീപാവലി ഉൾപ്പെടെയുള്ള ഇത്തവണത്തെ ഉത്സവ സീസൺ ആഘോഷമാക്കി പ്രമുഖ വാഹന നിർമ്മാതാക്കളായ ഹീറോ മോട്ടോർകോർപ്പ്. ഇത്തവണ ടൂവീലറുകളുടെ വിൽപ്പന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് എത്തിയിരിക്കുന്നത്. 32 ദിവസം നീണ്ടുനിന്ന സീസൺ വിൽപ്പനയിൽ 14 ലക്ഷം ടൂവീലർ വാഹനങ്ങൾ കമ്പനിക്ക് വിൽക്കാൻ സാധിച്ചിട്ടുണ്ട്. നവരാത്രി, ഭായി ദൂജ് ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിൽപ്പനയിലാണ് റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുന്നത്.

നവരാത്രി ആഘോഷങ്ങളുടെ തുടക്കം മുതൽ, നവംബർ 15 വരെയുള്ള ദിവസങ്ങളിൽ മികച്ച വിൽപ്പന നേടാൻ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. ഗ്രാമീണ വിപണികളിലും, നഗരങ്ങളിലും ഒരുപോലെ ഡിമാൻഡ് ഉയർന്നത് നേട്ടമായി. നഗരകേന്ദ്രങ്ങളിൽ മുൻ വർഷത്തെ അപേക്ഷിച്ച് 19 ശതമാനത്തിന്റെ വളർച്ച കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. നേരത്തെ ഇത് 12 ശതമാനം മാത്രമായിരുന്നു. ഉത്സവ വിപണി ലക്ഷ്യമിട്ട് ആകർഷകമായ ഡിസ്കൗണ്ടുകളാണ് ഒരുക്കിയത്. കൂടാതെ, പുത്തൻ മോഡലുകളുടെ പ്രത്യേക ശ്രേണിയും കമ്പനി അവതരിപ്പിച്ചിരുന്നു. സെൻട്രൽ, നോർത്ത്, സൗത്ത്, ഈസ്റ്റ് സോണുകളിൽ ഇരട്ട അക്ക വളർച്ച കൈവരിച്ചതോടെ  വലിയ രീതിയിലുള്ള വിപണി വിഹിതമാണ് നേടിയെടുത്തത്.