ആഗോള ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ആമസോൺ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിക്കുന്നു. മലിനീകരണം തടയുന്നതിന്റെ ഭാഗമായാണ് ഡെലിവറി രംഗത്ത് പുതിയ ചരിത്രം സൃഷ്ടിക്കാൻ ആമസോൺ ഒരുങ്ങുന്നത്. നീതി ആയോഗിന്റെ സീറോ പൊലൂഷൻ ക്യാമ്പയിനിന്റെ ഭാഗമായാണ് ആമസോണിന്റെ പുതിയ നീക്കം. അധികം വൈകാതെ തന്നെ ഇന്ത്യൻ നിരത്തുകളിൽ ഡെലിവറി ആവശ്യങ്ങൾക്കായി ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കാനാണ് ആമസോൺ ലക്ഷ്യമിടുന്നത്.
ഗ്ലോബൽ ലാസ്റ്റ്മൈൽ ഫ്ലീറ്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഡെലിവറിക്കായി ഇലക്ട്രിക് വാഹനങ്ങൾ ഇന്ത്യയിൽ എത്തിക്കുന്നത്. വിവിധ രാജ്യങ്ങളിൽ ഇതിനോടകം തന്നെ ഗ്ലോബൽ ലാസ്റ്റ്മൈൽ ഫ്ലീറ്റ് പദ്ധതിക്ക് വലിയ രീതിയിലുള്ള സ്വീകാര്യത നേടിയെടുക്കാൻ സാധിച്ചിട്ടുണ്ട്. ഡെലിവറിക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത വാഹനങ്ങളാണ് അവതരിപ്പിക്കുക. ആമസോണിന്റെ വിവിധ ഡെലിവറികൾക്ക് പാട്ണറുകൾക്ക് ഈ വാഹനങ്ങൾ ലഭ്യമാകും. ആദ്യ ഘട്ടത്തിൽ 400 നഗരങ്ങളിലായി 6000-ത്തിലധികം വാഹനങ്ങളാണ് എത്തിക്കുക. തുടർന്ന് 2025 ഓടെ വാഹനങ്ങളുടെ എണ്ണം 10000-ലധികമായി ഉയർത്താനാണ് ആമസോണിന്റെ ലക്ഷ്യം.