വാഹന പ്രേമികളുടെ ദീർഘ നാളായുള്ള കാത്തിരിപ്പുകൾക്കൊടുവിൽ വൈദ്യുത സ്കൂട്ടറുമായി ടിവിഎസ് എത്തി. ഇത്തവണ ടിവിഎസ് എക്സ് എന്ന പുതിയ മോഡലാണ് കമ്പനി വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. പ്രീമിയം വൈദ്യുത സ്കൂട്ടർ വിഭാഗത്തിലാണ് ടിവിഎസ് എക്സിനെ ഉൾപ്പെടുത്തിയിട്ടുള്ളത്. സ്കൂട്ടറിനോട് സാമ്യമുള്ള ഫീച്ചറുകളും, മോട്ടോർബൈക്കിന്റെ രൂപകൽപ്പനയുമാണ് ഈ മോഡലിന് നൽകിയിട്ടുള്ളത്. ടിവിഎസ് എക്സിനെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.
ടിവിഎസ് എക്സിന് 2.6 സെക്കന്റിനുള്ളിൽ മണിക്കൂറിൽ 0 മുതൽ 40 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയുന്നതാണ്. ഈ മോഡലിന്റെ പരമാവധി വേഗത 105 kmph ആണ്. പ്രീമിയം വിഭാഗത്തിൽ ഉൾപ്പെടുത്തിയതിനാൽ ടിവിഎസ് എക്സിന്റെ ഇന്ത്യൻ വിപണി വില 2.49 രൂപയാണ്. നിലവിൽ, ഉപഭോക്താക്കൾക്ക് ബുക്കിംഗിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം നവംബർ മുതൽ രാജ്യത്തെ 15 നഗരങ്ങളിൽ വിൽപ്പന ആരംഭിക്കും.
പ്രതിദിനം 100 സ്കൂട്ടറുകൾ എന്ന കണക്കിൽ 30,000 ടിവിഎസ് എക്സ് യൂണിറ്റുകൾ പ്രതിവർഷം ഉൽപ്പാദിപ്പിക്കാനാണ് കമ്പനിയുടെ നീക്കം. ഒല ഇലക്ട്രിക് കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ വൈദ്യുത ഇരുചക്ര വാഹന കമ്പനിയാണ് ടിവിഎസ് മോട്ടോർ. വൈദ്യുത വാഹന മേഖലയിൽ 20 ശതമാനം വിപണി വിഹിതമാണ് ടിവിഎസ് മോട്ടോറിന് ഉള്ളത്.