റൈഡർമാരുടെ ഇഷ്ട ലിസ്റ്റിലേക്ക് പുതിയൊരു സ്കൂട്ടർ കൂടി എത്തുന്നു, ഹോണ്ട സിബി300 എഫ് വിപണിയിൽ അവതരിപ്പിച്ചു
ന്യൂജൻ റൈഡർമാരുടെ ഇഷ്ട ലിസ്റ്റിലേക്ക് ഇടം നേടാൻ ഹോണ്ടയുടെ പുതിയൊരു മോഡൽ സ്കൂട്ടർ കൂടി വിപണിയിൽ എത്തി. ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ ഹോണ്ട സിബി300എഫ് എന്ന മോഡലാണ് പുറത്തിറക്കിയിരിക്കുന്നത്. റൈഡർമാരെ ആകർഷിക്കുന്ന രീതിയിലുള്ള ഡിസൈനും സവിശേഷതയുമാണ് ഈ മോഡലിന്റെ പ്രധാന പ്രത്യേകത. ബിഎസ് VI ഫേസ് ടു എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്ന രീതിയിലാണ് ഹോണ്ട സിബി300എഫ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഇവയുടെ പ്രധാന ഫീച്ചറുകളെ കുറിച്ച് പരിചയപ്പെടാം.
ഹോണ്ട സിബി300എഫിൽ 276 എംഎം ഫ്രണ്ട് ഡിസ്കും, 220 എംഎം റിയർ ഡിസ്ക്ക് ബ്രേക്കുകളുമാണ് നൽകിയിരിക്കുന്നത്. ബ്രേക്കിംഗ് ഹാർഡ്‌വെയറിനൊപ്പം ഡ്യുവൽ-ചാനൽ എബിഎസ് സിസ്റ്റവും ഹോണ്ട നൽകിയിട്ടുണ്ട്. ഈ ബൈക്കിന് കരുത്ത് നൽകുന്നത് 293 സിസി സിംഗിൾ-സിലിണ്ടർ ഫഓർ-സ്ട്രോക്ക് ഓയിൽ-കൂൾഡ് ഫ്യുവൽ-ഇൻജെക്ടഡ് എഞ്ചിനാണ്. ഈ എൻജിൻ 24.1 എച്ച്പി പവറും 25.6 എൻഎം പീക്ക് ടോർക്കും ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഹോണ്ട സിബി300എഫ് മോട്ടോർസൈക്കിളിന് 1.70 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. സ്പോർട്സ് റെഡ്, മാറ്റ് മാർവെൽ ബ്ലൂ മെറ്റാലിക്, മാറ്റ് ആക്സിസ് ഗ്രേറ്റ് മെറ്റാലിക് എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിൽ ഈ മോഡൽ വാങ്ങാൻ കഴിയുന്നതാണ്.