ഇലക്ട്രിക് എസ്‌യുവി സെഗ്മെന്റിൽ പുതിയ മോഡൽ കാറുമായി ഹോണ്ട എത്തുന്നു. രാജ്യത്ത് ഇലക്ട്രിക് കാറുകളുടെ ഡിമാൻഡ് ഉയർന്നതോടെയാണ് ഈ മേഖലയിൽ കരുത്തറിയിക്കാൻ ഹോണ്ടയും എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് എസ്‌യുവിയായ പ്രോലോഗ് അടുത്ത വർഷം വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ നീക്കം. നിലവിൽ, പ്രോലോഗിനെ കുറിച്ചുള്ള ചുരുക്കം ചില വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അവ എന്തൊക്കെയെന്ന് പരിചയപ്പെടാം.
ഒറ്റ ചാർജിൽ പരമാവധി 500 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ശേഷിയുള്ള ബാറ്ററിയാണ് പ്രോലോഗിന് കരുത്ത് പകരുന്നത്. 288 ബിഎച്ച്പി പവറിൽ 451 എൻഎം ടോർക്ക് വരെ ഉൽപ്പാദിപ്പിക്കാൻ കഴിയുന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നതാണ്. നിലവിലുള്ള സിആർ-വിസ്‌യുവിനെ അപേക്ഷിച്ച് പ്രോലോഗിന് താരതമ്യേന വലിപ്പം കൂടുതലാണ്. 21 അലോയ് വീലുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. 11 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോർടെയ്ൻമെന്റ് സിസ്റ്റം, 11 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, ഗൂഗിൾ അസിസ്റ്റന്റ്, ഗൂഗിൾ മാപ്സ് തുടങ്ങിയ ഫീച്ചറുകൾ ഉണ്ടാകും.