സ്വിഫ്റ്റ് നാലാം തലമുറ പതിപ്പ് പുറത്തിറക്കി: ആദ്യം എത്തിയത് ഈ വിപണിയിൽ


ഇന്ത്യൻ വാഹന വിപണിയിൽ ഏറെ ജനപ്രീതിയുള്ള കാറുകളിൽ ഒന്നാണ് മാരുതി സുസുക്കി സ്വിഫ്റ്റ്. സ്റ്റൈലിഷ് ലുക്കിലുള്ള സ്വിഫ്റ്റിന്റെ നാലാം തലമുറ പതിപ്പാണ് ഇപ്പോൾ സുസുക്കി ജാപ്പനീസ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. ടോക്കിയോ മോട്ടോർ ഷോയിൽ വച്ചാണ് മാതൃ കമ്പനിയായ സുസുക്കി ഈ നാലാം തലമുറ കാർ ലോകത്തിനുമുന്നിൽ ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. ഇന്ത്യൻ വിപണിയിൽ ഇവ അടുത്ത വർഷം എത്തിയേക്കുമെന്നാണ് സൂചന.

നിരവധി തരത്തിലുള്ള പുതിയ ഫീച്ചറുകൾ ഉൾക്കൊള്ളിച്ചാണ് ഇക്കുറി നാലാം തലമുറ സിഫ്റ്റ് എത്തിയിരിക്കുന്നത്. പഴയ സ്വിഫ്റ്റിന് സമാനമായ രീതിയിൽ ഫ്ലോട്ടിംഗ് റൂഫ് ഡിസൈൻ തന്നെയാണ് നൽകിയിട്ടുള്ളത്. എൽ ആകൃതിയിലുള്ള എൽഇഡി ഹെഡ് ലാമ്പുകളും, റീസ്റ്റയിൽ ചെയ്ത പുതിയ ഡിസൈൻ ഗ്രില്ലുമാണ് പ്രധാന ആകർഷണീയത. നിലവിൽ, ഈ മോഡലിൽ ഉൾപ്പെടുത്തിയിരിക്കുന്ന പുതിയ ഫീച്ചറുകളെ കുറിച്ചും, വില വിവരങ്ങളെ കുറിച്ചും സുസുക്കി കൂടുതൽ വിവരങ്ങൾ പങ്കുവെച്ചിട്ടില്ല.