ഓണം വിപണി കളറാക്കാൻ ഏഥർ എനർജി, പുതിയ ഓഫറുകൾ പ്രഖ്യാപിച്ചു


ഓണം വിപണി ലക്ഷ്യമിട്ട് പുതിയ മോഡൽ ഇരുചക്രവാഹനങ്ങളുമായി ഏഥർ എനർജി എത്തി. ഉപഭോക്താക്കൾ ഏറെക്കാലമായി കാത്തിരുന്ന മൂന്ന് മോഡലുകളാണ് ഇത്തവണ വിപണിയിൽ എത്തിയിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, 450എസും, 450 എക്സിന്റെ പരിഷ്കരിച്ച രണ്ട് പതിപ്പുകളുമാണ് വിപണിയിലെ താരങ്ങൾ. കേരളത്തിലെ 22 വിപണി വിഹിതമാണ് ഏഥറിന് ഉള്ളത്. ഓണം എത്താറായതോടെ വൻ വിറ്റുവരവാണ് കമ്പനി കേരളത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്.

2.9 കിലോ വാട്ട് അവർ ബാറ്ററിയാണ് 450 എസിന് നൽകിയിരിക്കുന്നത്. 115 കിലോമീറ്റർ ആണ് ഈ മോഡലിന്റെ സർട്ടിഫൈഡ് റേഞ്ച്. ടോപ്പ് സ്പീഡ് 90 കിലോമീറ്ററാണ്. വെറും 8.5 മണിക്കൂർ കൊണ്ട് ബാറ്ററി ഫുൾ ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. 1.30 ലക്ഷം രൂപയാണ് 450 എസിന്റെ എക്സ് ഷോറൂം വില.

450 എക്സ് മോഡൽ 2.9 കെ.ഡബ്യു.എച്ച്, 3.7 കെ.ഡബ്യു.എച്ച് എന്നിങ്ങനെ രണ്ട് ബാറ്ററി ശ്രേണികളിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്. 111 കിലോമീറ്ററാണ് 450 എക്സ് 2.9 കെ.ഡബ്യു.എച്ച് ബാറ്ററി മോഡലിന്റെ റേഞ്ച്. അതേസമയം, 3.7 കെ.ഡബ്യു.എച്ച് മോഡലിന് 150 കിലോമീറ്റർ റേഞ്ച് ലഭിക്കുന്നതാണ്. 5.45 മണിക്കൂർ കൊണ്ടാണ് ഇവ ഫുൾ ചാർജ് ചെയ്യാൻ സാധിക്കുക. 2.9 കെ.ഡബ്യു.എച്ചിന് 1.38 ലക്ഷം രൂപയും, 3.7 കെ.ഡബ്യു.എച്ചിന് 1.45 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.