കുറഞ്ഞ വിലയിൽ 500സിസി എഞ്ചിനുമായി ഹാർലി ഡേവിഡ്‌സൺ; എക്സ്500 പുറത്തിറങ്ങി

കുറഞ്ഞ വിലയിൽ എക്സ്350 എന്ന 350 സിസി മോട്ടോർസൈക്കിൾ പുറത്തിറക്കി ശ്രദ്ധ നേടിയ ശേഷം ഹാർലി ഡേവിഡ്സൺ പുതിയ 500 സിസി ബൈക്ക് കൂടി വിപണിയിൽ എത്തിച്ചിരിക്കുകയാണ്. ഹാർലി ഡേവിഡ്‌സൺ എക്സ്500 (Harley Davidson X500) എന്ന മോട്ടോർസൈക്കിളാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ക്യുജെ മോട്ടോർസുമായി സഹകരിച്ചാണ് ഈ ബൈക്ക് പുറത്തിറക്കിയിരിക്കുന്നത്. മറ്റ് ഹാർലി ഡേവിഡ്സൺ ബൈക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ വിലയിലാണ് ഈ പുതിയ ബൈക്ക് ലഭ്യമാകുന്നത്.

ഹാർലി ഡേവിഡ്‌സൺ എക്സ്500 മോട്ടോർസൈക്കിളിൽ ലിക്വിഡ്-കൂൾഡ്, 500സിസി, പാരലൽ-ട്വിൻ എഞ്ചിനാണ് നൽകിയിട്ടുള്ളത്. ഈ എഞ്ചിൻ 47.5 എച്ച്പി പവറും 46 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. 6 സ്പീഡ് ഗിയർബോക്‌സുമായിട്ടാണ് ഈ എഞ്ചിൻ വരുന്നത്. വി-ട്വിൻ എഞ്ചിൻ ഇല്ലാത്ത അമേരിക്കൻ ബൈക്ക് നിർമ്മാതാക്കളുടെ രണ്ട് ബൈക്കുകളിൽ ഒന്നാണിത്. ബെനെല്ലി ലിയോൺസിനോ 500 എന്ന ബൈക്കിന് സമാനമായ ഡിസൈനും ഫീച്ചറുകളുമാണ് ഹാർലി ഡേവിഡ്സൺ പുറത്തിറക്കിയ പുതിയ ബൈക്കിലുമുള്ളത്.

ഹാർലി ഡേവിഡ്‌സൺ എക്സ്500ൽ സസ്പെൻഷൻ കൈകാര്യം ചെയ്യുന്നത് 50mm യുഎസ്ഡി ഫ്രണ്ട് ഫോർക്കും പിന്നിൽ മോണോഷോക്കുമാണ്. ഇവ രണ്ടും പ്രീലോഡും റീബൗണ്ട് സെറ്റ് ചെയ്യാവുന്നവയാണ്. റിയർ മോണോഷോക്കിനുള്ള റിമോട്ട് പ്രീലോഡ് അഡ്ജസ്റ്ററാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത. ബൈക്കിന്റെ മുൻവശത്ത് 120/70-ZR17 വലിപ്പമുള്ള അലോയ് വീലുകളും പിന്നിൽ 160/60-ZR17 കാസ്റ്റ് അലോയ് വീലുകളുമാണുള്ളത്. മാക്‌സിസ് സൂപ്പർമാക്‌സ് എസ്ടി ടയറാണ് ബൈക്കിൽ ഉപയോഗിച്ചിരിക്കുന്നത്.

13 ലിറ്റർ ഫ്യുവൽ ടാങ്കാണ് ഹാർലി ഡേവിഡ്‌സൺ എക്സ്500യിൽ ഉള്ളത്. ഈ ബൈക്കിന് 208 കിലോഗ്രാം ഭാരമുണ്ട്, ഇത് കാവസാക്കി Z650RS പോലെയുള്ള ബൈക്കുകളെക്കാൾ കൂടുതൽ ഭാരമുള്ള ബൈക്കാണ്. ഈ ബൈക്കിന്റെ സിൽഹൗറ്റിന് ബെനെല്ലി ലിയോൺസിനോ 500 എന്ന മോഡലിനോട് സാമ്യമുണ്ട്. എങ്കിലും മോട്ടോർസൈക്കിളിൽ അതിന്റേതായ ചില വ്യത്യസ്തതകളും നൽകാൻ ഹാർലി ഡേവിഡ്സൺ ശ്രദ്ധിച്ചിട്ടുണ്ട്. പിൻ ഇൻഡിക്കേറ്ററുകളുമായി ചേർന്ന് നൽകിയിട്ടുള്ള ടെയിൽ ലൈറ്റ് ഹാർലി ബൈക്കുകളുടെ ഡിസൈൻ രീതിയിൽ തന്നെയാണുള്ളത്.

ഹാർലി ഡേവിഡ്‌സൺ എക്സ്500ന്റെ റിയർ ഫെൻഡറിൽ ‘ചോപ്പ്’ ഡിസൈനാണുള്ളത്. വൃത്തിയുള്ള ലൈനുകളും നിയോ-റെട്രോ ഡിസൈനും ഈ മോട്ടോർസൈക്കിളിന്റെ പ്രത്യേകതകളാണ്. ഇതൊരു ലളിതമായ ബൈക്കാണ്. ഡ്യുവൽ-ചാനൽ എബിഎസ് ഒഴികെയുള്ള വലിയ സവിശേഷതകളൊന്നും ബൈക്കിൽ നൽകിയിട്ടില്ല. ഓൾ എൽഇഡി ലൈറ്റിങ് ആണ് ബൈക്കിന്റെ മറ്റൊരു സവിശേഷത. ഹാർലി ഡേവിഡ്‌സൺ എക്സ്350 പോലെയുള്ള ലളിതമായ ഡിജി-അനലോഗ് ക്ലസ്റ്ററാണ് ഇൻസ്ട്രുമെന്റേഷനായി നൽകിയിട്ടുള്ളത്.