സാധാരണക്കാരെ കാറെന്ന സ്വപ്നത്തിലേക്ക് കൈപിടിച്ചുയർത്തിയ മാരുതിയുടെ ഈ മോഡൽ കാറുകൾ ഇനിയില്ല, നിർമ്മാണം അവസാനിപ്പിച്ചു

രാജ്യത്തെ സാധാരണക്കാരെ ഇരുചക്രവാഹനത്തിൽ നിന്ന് കാറെന്ന സ്വപ്നത്തിലേക്ക് കൈപിടിച്ചുയർത്തിയ മാരുതിയുടെ ജനപ്രിയ മോഡലായ ആൾട്ടോ 800- ന്റെ നിർമ്മാണം അവസാനിപ്പിച്ച് കമ്പനി. സാധാരണക്കാരന്റെ കാർ എന്ന് വിളിക്കപ്പെടുന്ന ആൾട്ടോ 800- ന് ഇന്ത്യൻ വിപണിയിൽ ആരാധകർ ഏറെയാണ്. എൻട്രി ലെവൽ ഹാച്ച്ബാക്ക് മോഡൽ കൂടിയാണ് ആൾട്ടോ 800. ഏപ്രിൽ ഒന്ന് മുതൽ രാജ്യത്ത് പ്രാബല്യത്തിലായ ബിഎസ് 6 രണ്ടാംഘട്ട മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് മാരുതി സുസുക്കി ഈ മോഡലുകൾ നിർത്തലാക്കുന്നത്.

പുതുക്കിയ മാനദണ്ഡങ്ങൾ അനുസരിച്ച്, ചെറിയ ചെലവിൽ വാഹനങ്ങൾ നിർമ്മിക്കാൻ സാധിക്കില്ലെന്ന് മാരുതി ഇതിനോടകം അറിയിച്ചിരുന്നു. അതേസമയം, ഷോറൂമുകളിൽ സ്റ്റോക്കുള്ള ആൾട്ടോ 800 ഉപഭോക്താക്കൾക്ക് സ്വന്തമാക്കാവുന്നതാണ്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം, 1,700,000 യൂണിറ്റ് ആൾട്ടോ 800 കാറുകളാണ് രാജ്യത്ത് വിറ്റഴിച്ചത്. 2000- ൽ ആൾട്ടോ എന്ന മോഡലും, 2012-ൽ ആൾട്ടോ 800 എന്ന മോഡലുമാണ് കമ്പനി അവതരിപ്പിച്ചത്. അതേസമയം, ആൾട്ടോ എന്ന ബ്രാൻഡിന് കീഴിൽ ആകെ 4,450,000 യൂണിറ്റ് കാറുകളാണ് ഇന്ത്യൻ നിരത്തിൽ എത്തിയത്.