ഇന്ത്യയിൽ ഇനി ഇലക്ട്രിക് എയർ ടാക്സികൾ പറക്കും

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എയർ ടാക്സികൾ ഇന്ത്യയിൽ ഇറക്കാൻ ഗുരുഗ്രാം ആസ്ഥാനമായുള്ള ഫ്ലൈ ബ്ലേഡും പ്രമുഖ ബ്രസീലിയൻ എയറോസ്പേസ് കമ്പനിയായ എമ്പ്രയറിൻ്റെ ഉപവിഭാഗമായ ഈവ് എയർ മൊബിലിറ്റിയും (ഇഎഎം) തമ്മിൽ കരാറായി . ഇലക്ട്രിക് വെഹിക്കിൾ ടേക്ക് ഓഫ് ആൻ്റ് ലാൻഡിംഗ് വെഹിക്കിൾസ് (ഇവിടിഒഎൽഎസ്) അടുത്ത അഞ്ച് വർഷത്തിനിടയിൽ പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നത്.

2026 ഓടെ ഈവ് എയർ ടാക്സികൾ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇവയുടെ സേവനം നടത്തുന്ന ആദ്യ രാജ്യങ്ങളിലൊന്നാകും ഇന്ത്യയെന്നും ഫ്ലൈ ബ്ലേഡ് ഇന്ത്യ എംഡി അമിത് ദത്ത പ്രസ്താവനയിൽ പറഞ്ഞു.

വർഷത്തിൽ രണ്ട് ലക്ഷം ഫ്ലൈയിംഗ് മണിക്കൂറുകൾ നടത്തുന്നതിനാണ് ഇഎഎമ്മുമായി ഫ്ലൈ ബ്ലേഡ് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്. ഇതിൻ്റെ ഭാഗമായി ബ്ലേഡിൻ്റെ സഹായത്തോടെ അർബൻ എയർ മൊബിലിറ്റി പ്ലെയര്‍ 200 എയര്‍ ടാക്സികള്‍ ഇന്ത്യിലെത്തിക്കും. ഇവയോരോന്നും വർഷത്തിൽ 1000 വീതം മണിക്കൂർ പ്രവർത്തിക്കും. ഈ എയർ ടാക്സികൾക്ക് ഓരോന്നിനും 3 മില്യൺ ഡോളർ ആയിരിക്കും വില.

ഇലക്ട്രിക് എയർ ടാക്സികൾക്ക് വളരെ പ്രസക്തിയുള്ള രാജ്യമാണ് ഇന്ത്യയെന്ന് എയർ മൊബിലിറ്റിയുടെ കോ-സിഇഒ ആൻഡ്രെ ഡുവാർട്ട് സ്റ്റെയിൻ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. 2026-ൽ പ്രവർത്തനം തുടങ്ങിയാൽ ആഴ്ചകൾക്കോ മാസങ്ങൾക്കോ ഉള്ളിൽ ഡെലിവറി തുടങ്ങാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ആദ്യ ഘട്ടത്തിൽ പൈലറ്റുകളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന എയർ ടാക്സികളിൽ 4 യാത്രക്കാർക്ക് സഞ്ചരിക്കാനുള്ള സീറ്റിംഗ് ശേഷിയും കാർഗോ കൊണ്ടുപോകാനുള്ള ഇടവുമാണ് ഉണ്ടാകുക. എയർപോർട്ട് സേവനങ്ങൾക്ക് കാർഗോ വളരെ പ്രധാനമാണെന്ന് സ്റ്റെയിൻ പറഞ്ഞു. 2.5-3 ടൺ ഭാരമുള്ള ഓരോ ഇലക്ട്രിക് വാഹനത്തിനും 100 കിലോമീറ്റർ പറക്കൽ പരിധിയാണ് ഉണ്ടാകുക. ഒരു ഹെലികോപ്ടറിൻ്റേതിന് സമാനമായ പരമാവധി ടേക്ക് ഓഫ് ഭാരമാണ് ഇവയ്ക്ക് ഉണ്ടാകുക എന്ന് വർഷങ്ങളോളം ഇന്ത്യയിൽ താമസിച്ച് ജോലി ചെയ്തിട്ടുള്ള സ്റ്റെയിൻ അറിയിച്ചു.

രണ്ടാം ഘട്ടത്തിൽ പൈലറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന, ആറ് സീറ്റുള്ള ഓട്ടോമാറ്റിക് എയർ ടാക്സി അവതരിപ്പിക്കാനാണ് ഇഎഎം പദ്ധതിയിടുന്നത്. അടുത്ത മൂന്ന് വർഷത്തിൽ ഇന്ത്യയിൽ എയർ ടാക്സികൾ അവതരിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ ഫ്ലൈ ബ്ലേഡ് ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ദത്ത പറഞ്ഞു. ഇലക്ട്രിക് ടാക്സികൾക്കുള്ള എയർപോർട്ടായ വെർട്ടിപോർട്ടും സുരക്ഷിതമായി പറക്കുന്നതിനുള്ള എയർ നാവിഗേഷൻ സംവിധാനവുമായിരിക്കും ഒരുക്കുക.

നിലവിൽ, മുംബൈയ്ക്കും പൂനെയ്ക്കും ഷിർദിയ്ക്കും ഇടയിൽ ഫ്ലൈ ബ്ലേഡ്, ഹെലികോപ്ടർ സേവനം നൽകുന്നുണ്ട്. 10000 രൂപയിൽ താഴെയുള്ള തുകയ്ക്ക് ജനങ്ങൾക്ക് ഹെലികോപ്ടർ സേവനം ബുക്ക് ചെയ്യാനാകുമെന്ന് ഫ്രീ പ്രസ് ജേണൽ റിപ്പോർട്ട് ചെയ്തു.

എയർ മൊബിലിറ്റി മേഖലയ്ക്ക് കരുത്ത് നൽകുന്നതിനായി ദുബായിയും എയർ ടാക്സികൾ വിന്യസിക്കാൻ പദ്ധതിയിടുന്നുണ്ട്. യുണൈറ്റഡ് എയർലൈൻസ് ഈവ് എയറിൽ 15 ദശലക്ഷം ഡോളർ നിക്ഷേപിക്കുകയും നാല് സീറ്റുള്ള 200 ഇലക്ട്രിക് എയർ ടാക്സികൾ വാങ്ങാൻ വ്യവസ്ഥകളോടെ ധാരണയാകുകയും ചെയ്തിട്ടുണ്ട്. 2026-ൽ ഈ ഇലക്ട്രിക് ഏവിയേഷൻ സ്റ്റാർട്ട് അപ്പ്, വാഹനങ്ങളുടെ വിതരണം തുടങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.